തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീജിത്ത് വി. നായരാണ് പ്രസിഡന്റ്. ട്രഷററായും സെക്രട്ടറിയായും ശ്രീജിത്ത് മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളിൽ തുടരും.
അപെക്സ് കൗൺസിൽ അംഗമായിരുന്ന കെ. സതീശനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടത്തിയ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. ജയേഷ് ജോർജിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ശ്രീജിത്ത് വി. നായർ പ്രസിഡന്റായത്.
പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി. അജിത് കുമാറാണ് ട്രഷറർ. അപെക്സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി. മുഹമ്മദ് നൗഫലിനെ ഉൾപ്പെടുത്തി.
കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഒരു വർഷത്തെ സമഗ്ര വികസന കർമ്മ പദ്ധതികളും യോഗത്തിൽ പ്രഖ്യാപിച്ചു. കൊച്ചിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം നിർമിക്കാനും യോഗത്തിൽ തീരുമാനിച്ചു.